Welcome to my blog!

Just Think for Now: ഒന്ന് ചിന്തിക്കു

Subscribe to this blog!

Receive the latest posts by email. Just enter your email below if you want to subscribe!

Wednesday 24 June 2015

വാസ്തുവിനെ അടുത്തറിയാം

വസ്തുവിനെ അടുത്തറിയാം
=============================================

 എവിടാദ്യം വെട്ടും?

(1) വാസ്തുശാസ്ത്രത്തിലെ കൊതിപ്പിക്കലും പേടിപ്പിക്കലും വിശദീകരിക്കപ്പെടുന്നത് വാസ്തുപുരുഷന്‍ എന്ന ഭാവനാകഥാപാത്രത്തെ ചുറ്റിപ്പറ്റിയാണല്ലോ. ദേവനോ രാക്ഷസനോ ഭൂതമോ ആയ ടിയാന്‍ നമ്മുടെ വീടു നില്‍ക്കുന്ന പ്ലോട്ടില്‍ വന്നു മലര്‍ന്നു/കമിഴ്ന്നു കിടക്കുകയാണ്. വാസ്തുപുരുഷനെക്കുറിച്ച് നിരവധി കഥകളുണ്ട്. ഒരു കഥയനുസരിച്ചു ലോകവ്യാപിയായ വാസ്തുപുരുഷന്‍ ത്രേതായുഗത്തില്‍ കാര്‍ത്തിക നക്ഷത്രത്തിലാണ് സൃഷ്ടിക്കപ്പെട്ടത്. അതായത്, 17.28 ലക്ഷം വര്‍ഷം ദൈര്‍ഘ്യമുള്ള കൃതയുഗത്തില്‍ ഭൂമിയും മനുഷ്യരും വാസസ്ഥലങ്ങളുമൊക്കെ ഉണ്ടെങ്കിലും വാസ്തുപുരുഷന്‍ ഇല്ല. യുഗങ്ങളുടെ(കൃത-ത്രേതാ-ദ്വാപര-കലി) കണക്കു നോക്കിയാല്‍ ഈ ഭൂതം ജനിച്ചിട്ട് കുറഞ്ഞത് 14.17 ലക്ഷം വര്‍ഷങ്ങളായി. ജ്യോതിഷത്തിന്റെ പരമാവധി പ്രായം 3000വര്‍ഷമാണെന്നിരിക്കെ വാസ്തു പുരുഷന്‍ കാര്‍ത്തിക നക്ഷത്രത്തില്‍ ജനിച്ചതെങ്ങനെയെന്നുള്ള ചോദ്യം ക്രൂരമാണ്.

(2) കൃതയുഗത്തില്‍ ഡന്മാര്‍ക്കിലെ രാജകുമാരന്‍ ഇല്ലാത്ത ഹാംലെറ്റ് പോലെയായിരുന്നു വാസ്തുശാസ്ത്രത്തിന്റെ അവസ്ഥയെന്നു കണ്ടോണം. വാസ്തുവുണ്ട്-പുരുഷന്‍ ഇല്ല! ഹിന്ദുദൈവം ശിവനും അന്ധകാരന്‍ എന്ന രാക്ഷസനും തമ്മിലുള്ള യുദ്ധസമയത്തു ശിവന്റെ ശരീരത്തില്‍ നിന്നും ഉതിര്‍ന്നുവീണ വിയര്‍പ്പുതുള്ളിയില്‍ നിന്നുമാണ് വാസ്തുപുരുഷന്‍ ജനിച്ചത്. ജനനശേഷമുള്ള വാസ്തുപുരുഷന്റെ പരാക്രമങ്ങള്‍ സഹിക്കാനാവാതെ ദേവന്മാര്‍ ബ്രഹ്മാവിനെ പ്രാര്‍ത്ഥിച്ചു പ്രത്യക്ഷപ്പെടുത്തി. അദ്ദേഹത്തിന്റെ ആജ്ഞാനുസരണം വാസ്തുപുരുഷനെ യുദ്ധത്തില്‍ തോല്‍പ്പിച്ച് ഭൂമിയിലേക്കു തള്ളിയിട്ടു. അങ്ങനെ വന്നു കമിഴ്ന്നു/മലര്‍ന്നു വീണ വീഴ്ചയാണ് ഇന്നു നാം ചിത്രങ്ങളില്‍ കാണുന്നത്. വാസ്തുവിദ്യാദര്‍ശനം (ഡോ.ബാലഗോപാലന്‍ ടി.എസ് പ്രഭു) എന്നൊരു പുസ്തകത്തിലുള്ള കഥയാണിത്. ഈ കഥയ്ക്കു കിക്ക് പോരെങ്കില്‍ ഇതേ മാതൃകയിലുള്ള വേറെ പലതും അവതരിപ്പിക്കുന്ന പുസ്തകങ്ങള്‍ ലഭ്യമാണ്(വിസ്തരഭയം കാരണം ഒഴിവാക്കുന്നു)

(3) ഭൂമിയില്‍ വീണ വാസ്തുപുരുഷന്‍ വടക്കുകിഴക്കു ദിക്കില്‍ (ഈശ കോണ്‍) ശിരസ്സും, തെക്കുപടിഞ്ഞാറു ദിക്കില്‍ (നിരുതി/നിര്യതി കോണ്‍) കാലുകളും, തെക്കുകിഴക്കും (അഗ്നികോണ്‍) വടക്കുപടിഞ്ഞാറുമായി (വായു കോണ്‍) കൈകളും വരത്തക്കവിധം ഭൂമിയില്‍ കിടന്നു. പക്ഷെ വീഴ്ചയില്‍ യാതൊരു പരിക്കും സംഭവിക്കാത്തതു കൊണ്ടാവണം, വാസ്തുപുരുഷന്‍ വീണ്ടും പരാക്രമം കാണിച്ചു തുടങ്ങി. ഭൂമിയിലെ ജനങ്ങളെ പീഡിപ്പിക്കാലായിരുന്നു മുഖ്യ വിനോദം. പീഡനമെന്നു വെച്ചാല്‍ ഒരു രക്ഷയുമില്ലാത്ത പീഡനം! ഗത്യന്തരമില്ലാതെ ഭൂനിവാസികള്‍ ബ്രഹ്മാവിനോടു പ്രാര്‍ത്ഥിച്ചു. ബ്രഹ്മാവിന്റെ നിര്‍ദ്ദേശപ്രകാരം 53/45 ദേവന്‍മാര്‍ വന്നു വാസ്തുപുരുഷന്റെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കയിറിയിരുന്നു ടിയാനെ അടക്കിയൊതുക്കി. ശക്തി ക്ഷയിച്ച വാസ്തുപുരുഷന്‍ പരാക്രമം അവസാനിപ്പിച്ചു ബ്രഹ്മാവിനോടു പ്രാര്‍ത്ഥിച്ചു. ബ്രഹ്മാവ് ഭവനനിര്‍മ്മാണവുമായി ബന്ധപ്പെട്ടു ജനങ്ങളാല്‍ ആരാധിക്കപ്പെടട്ടെ എന്ന വരം നല്‍കി വാസ്തുപുരുഷനെ അനുഗ്രഹിച്ചു. ശിലാന്യാസം(കല്ലിടീല്‍), കട്ടളവെപ്പ്, ഗൃഹപ്രവേശം എന്നീ മൂന്നു ഘട്ടങ്ങളിലും മനുഷ്യരാല്‍ പൂജിക്കപ്പെടട്ടെ എന്നതായിരുന്നു വരത്തിന്റെ അന്തസത്ത.

(4) വാസ്തുപുരുഷനെ ശരിയായി പൂജിക്കാതെ നിര്‍മ്മാണപ്രക്രിയയില്‍ ഏര്‍പ്പെടുന്നവരെയും ദൃഷ്ടി പതിയുന്ന ഭാഗത്തും കാല്‍പാദങ്ങളുടെ ഭാഗത്തും നിര്‍മ്മാണങ്ങള്‍ നടത്തുന്നവരെയും മതിയാവോലം പീഡിപ്പിക്കാന്‍ ശിവ ഭഗവാന്‍ വരം നല്‍കിയത്രെ(വാസ്തുശാസ്ത്രം, പേജ്. 7, /ഡോ. സന്തോഷ് കുമാര്‍). ദേവഗണങ്ങള്‍ മുകളില്‍ കയറിയിരിക്കുന്നുവെങ്കിലും വാസ്തുപുരുഷന്‍ അടങ്ങിയിരുന്നില്ല. മൂന്നു മാസം കൂടുമ്പോള്‍ ടിയാന്‍ തല വെക്കുന്ന ദിശ കിടക്കും. കന്നി,തുലാം, വൃശ്ചികം മാസങ്ങളില്‍ കിഴക്കോട്ടു തല വെച്ചു കിടക്കുന്ന വാസ്തുപുരുഷന്‍ അടുത്ത മൂന്നുമാസങ്ങളില്‍(ധനു, മകരം, കുംഭം) തെക്കോട്ടും മീനം, മേടം, ഇടവം മാസങ്ങളില്‍ പടിഞ്ഞാറോട്ടും മിഥുനം, കര്‍ക്കിടകം, ചിങ്ങം മാസങ്ങളില്‍ വടക്കോട്ടും തല മാറ്റിവെക്കുമത്രെ. നമ്മില്‍ പലരും ഉറക്കത്തിന്റെ ഭിന്ന ഘട്ടങ്ങളില്‍ പല ഇംഗ്ലിഷ് അക്ഷരങ്ങളുടെയും ആകൃതി പ്രാപിക്കാറുണ്ടെങ്കിലും മുഴുവൃത്തത്തില്‍ കറങ്ങിത്തിരിഞ്ഞു ആദ്യം കിടന്ന ദിശയില്‍ തിരിച്ചെത്തുന്നവര്‍ അധികമുണ്ടാകില്ല. നോക്കൂ, വാസ്തുപുരുഷന്‍ ഒരു വര്‍ഷംകൊണ്ട് കിടന്നിടത്തു കിടന്നു ഒരു സ്വയം ഭ്രമണം പൂര്‍ത്തിയാക്കുകയാണ്. ഭൂമിയുടെ അതേ കറക്കം വാസ്തുപുരുഷനും പൂര്‍ത്തിയാക്കുന്നു-കഥയില്‍ കട്ട സയന്‍സു മണക്കുന്നില്ലേ?!

(5) എന്നാല്‍ കേരളത്തില്‍ പ്രചരിക്കുന്ന വാസ്തുപുരുഷന്റെ ചിത്രത്തില്‍ ശിരസ്സ് വടക്കു-കിഴക്കു ദിശയിലാണുള്ളത്. പക്ഷെ വാസ്തുപുരുഷന്റെ സ്വയംഭ്രമണം നാടന്‍ വാസ്തുക്കാര്‍ പരിഗണിച്ചുകാണുന്നില്ല. ഭ്രമണകഥ അനുസരിച്ചു മൂന്നുമാസം കൂടുമ്പോള്‍ ശിരസ്സിന്റെ ദിശ മാറുമെന്നാല്ലാതെ വാസ്തുപുരുഷന്‍ കിടന്നു കറങ്ങുന്നുവെന്നു പറയുന്നില്ല. ചിലപ്പോള്‍ ടിയാന്‍ എഴുന്നേറ്റു മാറിക്കിടക്കുന്നതായിരിക്കാം. മൂന്നുമാസ കാലയളിവില്‍ കൃത്യമായും ഒരു ദിശയിലാണ് ശിരസ്സുള്ളത്. അങ്ങനെയെങ്കില്‍ നമ്മുടെ ചിത്രത്തില്‍ കാണുന്ന വടക്കു-കിഴക്കു ദിശയില്‍ ശിരസ്സു വരുന്ന മാസമേതാണ്?! മാസം മാറുന്നതനുസരിച്ചു വാസ്തുപുരുഷന്റെ പടം മാറ്റി വരയ്‌ക്കേണ്ടേ?! വാസ്തുപുരുഷന്റെ പാദം വരുന്ന സ്ഥാനം മാസംതോറും മാറിക്കൊണ്ടിരുന്നാല്‍ കന്നിമൂലയും ഈശാന കോണുമൊക്കെ സദാ മാറിമറിയില്ലേ? അപ്പോള്‍പ്പിന്നെ, കന്നിമൂലയില്‍ കക്കൂസു വരിക എന്ന അതിഘോര പാപം എങ്ങനെ ഒഴിവാക്കും?!!  :)

(6) വാസ്തുപുരുഷന്റെ ശിരസ്സു സ്ഥിതി ചെയ്യുന്ന ഭാഗത്തു ഏതെങ്കിലും ആയുധംകൊണ്ടു വെട്ടിയാല്‍ മരണഭയവും പാദങ്ങളില്‍ വെട്ടിയാല്‍ സ്ത്രീ-പുരുഷ നാശവും കൈ, മുതുക് എന്നിവിടങ്ങളില്‍ വെട്ടിയാല്‍ രക്തപീഡയും ഉറപ്പാണ്. പക്ഷെ വയറില്‍ വെട്ടിയാല്‍ ധനസമൃദ്ധിയും ഐശ്വര്യവും തീര്‍ച്ചപ്പെടുത്താം. ഈ വ്യവസ്ഥ ഭൂരിപക്ഷം വാസ്തു വിദ്വാന്‍മാരും അംഗീകരിക്കുന്നതായി കാണുന്നു.
അതനുസരിച്ചു, അടിസ്ഥാനശില സ്ഥാപിക്കേണ്ടത്(ശിലാന്യാസം) വാസ്തുപുരുഷന്റെ വയറു ഭാഗത്താണെന്നു ചില പുസ്തകങ്ങളിലുണ്ട്(ഉദാ-വാസ്തുശാസ്ത്ര വിദ്യാദര്‍ശനം).

(7) എന്നാല്‍ ശിലാന്യാസം ഈശാനകോണില്‍ നടത്തണമെന്നു വരാഹമിഹിരന്‍ പറഞ്ഞിട്ടുള്ളതായും ഇതേ പുസ്തകത്തിലുണ്ട്! പക്ഷെ ഋഷിമാരുടെ വാക്കിനും തെല്ലും വില കല്‍പ്പിക്കാത്ത നമ്മുടെ നാടന്‍ വാസ്തുക്കാരന്‍ പറയുന്നത് കന്നിമൂലയില്‍ അതായത് തെക്കുപടിഞ്ഞാറു കോണില്‍ ശിലാന്യാസം നടത്തണമെന്നാണ്. പടമനുസരിച്ചു, ഇതു വാസ്തു പുരുഷന്റെ പാദം വരുന്ന സ്ഥലമാണ്. വാസ്തുപുരുഷന്‍ നിശ്ചലനായി കിടന്നെങ്കില്‍ മാത്രമേ ഇന്നയിടത്തു ശിലാന്യാസം നടത്തണമെന്നു പറയുന്നതില്‍ കാര്യമുള്ളൂ. പക്ഷെ ഭ്രമണംചെയ്യുന്ന വാസ്തുപുരുഷന്‍ ഭൂമിയില്‍ വെട്ടാനേ പറ്റാത്ത അവസ്ഥ ഉണ്ടാക്കുന്നുണ്ട്. :)

(8) കന്നിമൂലയില്‍ കക്കൂസു പാടില്ലെന്നതിനും കാരണമായി നാടന്‍ വാസ്തുക്കാരന്‍ പറയുന്ന സിദ്ധാന്തം അവിടെ മലര്‍ന്നു കിടക്കുന്ന വാസ്തുപുരുഷന്റെ ദൃഷ്ടി പതിയുന്ന പവിത്ര സ്ഥാനമാണ് അതെന്നതാണ്. മലര്‍ന്നു മുകളിലോട്ടു നോക്കി കിടക്കുന്ന ഒരാള്‍ക്കു സ്വന്തം പാദങ്ങള്‍ കാണാനാവില്ല. അതേസമയം മടക്കിവെച്ചിരിക്കുന്ന കൈകള്‍ അവ്യക്തമായെങ്കിലും കാണാന്‍ സാധിക്കുകയും ചെയ്യും. പല കഥകളും പറയുന്നത് വാസ്തുപുരുഷന്‍ കമിഴ്ന്നു കിടക്കുന്നു എന്നാണല്ലോ. അപ്പോള്‍ ടിയാന്റെ ദൃഷ്ടി എങ്ങോട്ടായിരിക്കും?! കന്നിമൂലയില്‍ കക്കൂസു വരരുതെന്നു സിദ്ധാന്തിക്കുന്നവര്‍ വിട്ടുപോകുന്ന മറ്റൊരു കാര്യമുണ്ടു. മലര്‍ന്നു കിടന്നാലും കമിഴ്ന്നു കിടന്നാലും വാസ്തുപുരുഷന്‍ തന്റെ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുമ്പോള്‍ അതു ചെന്നു വീഴുന്നത് കന്നി മൂലയിലാണ്. ഇനി, ടിയാന്റെ കക്കൂസായി കന്നിമൂല മാറുന്നതു കൊണ്ടാണോ വീട്ടുടമയോടു വേറെ സ്ഥാനം നോക്കാന്‍ പറയുന്നതെന്നു വ്യക്തമല്ല. :P

കടപ്പാട്: രവി ചന്ദ്രന്‍   സീ

No comments:

Post a Comment