Welcome to my blog!

Just Think for Now: ഒന്ന് ചിന്തിക്കു

Subscribe to this blog!

Receive the latest posts by email. Just enter your email below if you want to subscribe!

Sunday, 26 July 2015

ടൈംസ്‌ അപ്പ്

ടൈംസ്‌ അപ്പ്

ഇടതൂര്‍ന്ന് നില്‍ക്കുന്ന മാപ്പ്ള്‍ മരങ്ങളും അതിന്‍റെ സ്വര്‍ണ്ണ  നിറമുള്ള ഇലകളും അതിലൂടെ കാണാവുന്ന തിളക്കമാര്‍ന്ന സ്വര്‍ണ്ണകുരിശേന്തി നില്‍ക്കുന്ന പള്ളിയുടെ വാതിക്കല്‍ ഒരു മാലാഖയായി ഞാന്‍. എന്‍റെ വിവാഹമാണ്. മനോഹരമായ ആ ദിനത്തില്‍ പെട്ടെന്നുണ്ടായ മഴയും അതില്‍ നിന്ന് രക്ഷപെടാന്‍ ഞാന്‍ എന്‍റെ പ്രിയതമന്‍റെ മാറില്‍ കെട്ടിപിടിച്ചിരുന്നതും ഇന്നലകളിലെ ദിവാ സ്വപ്നം പോലെ മായാതെ നില്‍ക്കുന്നു. 


എല്ലാം പെട്ടെന്നുണ്ടായി എന്ന ശാസ്ത്രത്തില്‍ വിശ്വസിച്ചിരുന്ന തികഞ്ഞ യുക്തിവാദിയായ ഞാന്‍ വളരെ കാലത്തെ ലിവിംഗ് ടുഗതെറിഞ്ഞു ശേഷം എനിക്ക് പൂര്‍ണ്ണമായും സ്വീകാര്യമാണെന്ന് തോന്നിയപ്പോള്‍ ആണ് ജെയിംസിനെ വിവാഹം ചെയ്തത്. ദീര്‍ഘകാലത്തെ ലിവിംഗ് ടുഗതെറിനു ശേഷം എന്ത് കൊണ്ട് ഇങ്ങനെയൊരു തീരുമാനം ഞാന്‍ എടുത്തു എന്ന് ഈ നിമിഷം വരെ എനിക്കറിയില്ല.

വിവാഹം എന്ന കെട്ടുറപ്പാടില്‍ വിശ്വാസമില്ലാതെ, മതങ്ങളില്‍ നിന്ന് സമൂഹം ആവാഹിച്ചെടുത്ത പരസ്പര സ്വാതന്ത്ര്യത്തിനു വിലങ്ങു കല്‍പ്പിക്കുന്ന ഒരു സമ്പ്രദായമായി മാത്രമേ ഞാന്‍ വിവാഹത്തെ കണ്ടിരുന്നുള്ളൂ. എന്നാല്‍ ജെയിംസ്‌ എന്നും എന്നോടോപ്പമുണ്ടായിരിക്കണമെന്നു ഞാന്‍ എപ്പോളോ ആഗ്രഹിച്ചു. വിവാഹത്തിലൂടെ ആ ആഗ്രഹം ഞാന്‍ നേടിയെടുക്കുകയായിരുന്നു.ജെയിംസിനെ എന്റെത് മാത്രമാകുക എന്ന സ്വാര്‍ത്ഥ താല്‍പര്യം ഇതിനില്ലേ എന്നത് ഇന്നു ഒരു ചോദ്യമായി മാറിയിരിക്കുന്നു.

ഒന്നിനും വഴങ്ങാതെ സ്വാതന്ത്ര്യത്തിന്‍റെ ലിഖിതവും അലിഖിതവുമായ, സാമൂഹികവും സാംസ്കാരികവുമായ എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തി ഒരു ജീവിതം. ആദ്യം എല്ലാം സാധാരണ പോലെയായിരുന്നു.  സ്നേഹമാണോ അമിതമായ സ്വാര്‍ഥതയാണോ ഞങ്ങളെ അകറ്റിയത് എന്നറിയില്ല.എന്നാല്‍ ഒന്നറിയാം സ്നേഹത്തിന്‍റെ ഫലമായി സ്വാര്‍ഥതയും ഉണ്ടാകും. അന്നുമുതല്‍ അത്രയും കാലം ഞങ്ങള്‍ കാത്തുസൂക്ഷിച്ച സ്വാതന്ത്യം, അഴിച്ചുവിട്ട കാളയുടെ സ്വാതന്ത്ര്യം നഷ്ട്ടപെടുകയായിരുന്നു. പരസ്പരം ബാധ്യത ഉള്ളവരെ പോലെ ഞങ്ങള്‍ മാറിയിരിക്കുന്നു എന്നത് തികച്ചും സ്വീകാര്യമായിരുന്നില്ല.

കഴിഞ്ഞ വര്‍ഷം ഒരു വാഹനാപകടത്തില്‍ ജെയിംസ്‌ മരിക്കുന്നതുവരെ ഞാന്‍ ഈ സ്വാര്‍ത്ഥതയെ പ്രണയിച്ചിരുന്നു. അവന്‍റെ മരണത്തിനു ശേഷം ഇന്നു ഞാന്‍ തികച്ചും ഏകയാണ്. സ്വാതന്ത്ര്യത്തിന്‍റെ തേരില്‍ ബന്ധബന്ധനങ്ങള്‍ മുറിചെറിഞ്ഞു യാത്രയാകുമ്പോള്‍ ഒരിക്കല്‍ ഞാന്‍ മറ്റൊരാള്‍ക്ക് വേണ്ടി കണ്ണീര്‍ പൊഴിക്കും എന്ന് ഞാന്‍ കരുതിയില്ല. ജീവിതത്തെ മറ്റാരോ നിയന്ത്രിക്കുന്നത്‌ പോലെ തോന്നിയ നിമിഷങ്ങള്‍. സാമൂഹിക ആന്തരിക കെട്ടുപാടില്‍ നിന്ന് മാറി ബന്ധങ്ങളില്‍ വിശ്വസിക്കാതെ ഞാന്‍ എന്റേതായ ഒരു ലോകം സൃഷ്ട്ടിക്കുകയായിരുന്നു. ജന്മം തന്നവരെ പിന്തിരിപ്പര്‍ എന്ന് വിളിച്ചാക്ഷേപിച്ച് ഞാന്‍ എന്‍റെ ലോകത്തില്‍ ജീവിക്കുകയായിരുന്നു. പക്ഷേ ഞാന്‍ മാത്രമായിരുന്ന എന്‍റെ ലോകത്ത് ഇപ്പോള്‍ ഒരു വിടവ് വന്നിരിക്കുന്നു. ആ വിടവ് വലുതാകുന്നതായും ഒരു കത്തിയേക്കാള്‍ മൂര്‍ച്ചയില്‍ എന്നെ മുറിക്കുകയാണെന്നും നിയമങ്ങള്‍ക്കു അതീതമായ സ്വാന്തന്ത്ര്യം മാത്രമാണ് ആസ്വാദ്യകരമായമായ സ്വാതന്ത്ര്യം എന്നും ഞാന്‍ മനസിലാക്കി. തിരുത്തപെടാനാവാത്ത തെറ്റുകളും കയറിപോരാന്‍ ആവാത്ത ഗര്‍ത്തത്തിലുമാണ് ഇന്നു ഞാന്‍. മരണത്തിന്‍റെ വരവേല്‍പ്പിനെ എനിക്ക് കേള്‍ക്കാന്‍ സാധിക്കുന്നുണ്ട്.


*************************************************************************************************


എഴുതി അവസാനിപിച്ച കഥയില്‍ അവള്‍ മരണത്തിലേക്ക് യാത്രയായി. പുറത്ത് പെയ്യുന്ന മഴയില്‍ ഒന്നും കാണാനാകില്ല എന്നവള്‍ക്ക് ഉറപ്പായിരുന്നു. എന്നാലും തന്‍റെ ജനാലകളില്‍ അവള്‍ കര്‍ട്ടന്‍ കൂടി വലിച്ചിട്ടു. എഴുതി തീര്‍ന്ന കഥയും പേറി കണ്ണീരില്‍ കുളിച്ച പേപ്പര്‍ മേശയ്ക്കു മുകളില്‍ കിടന്നു നിസ്സഹായത ഭാവത്തില്‍ അവളെ നോക്കി. അതോ അതില്‍ അവള്‍ അവളെതന്നെയാണോ കണ്ടത്? അതൊരു പ്രജോധനമായി അവള്‍ക്കു തോന്നി. ഓടി മടുത്ത യാത്രയും ആടി മടുത്ത വേഷവും അഴിച്ചിടാന്‍ സമയമായി എന്നവള്‍ ഉറപ്പിച്ചു.



പുറത്താരോ കോളിംഗ് ബെല്‍ അടിക്കുന്നു. അവള്‍ അത് ശ്രദ്ധിച്ചില്ല. ഈ മഴയത്ത് അവളെ കാണാന്‍ ആരും വരില്ലെന്നവള്‍ക്ക് ഉറപ്പായിരുന്നു. ഏറെ നേരം തൂങ്ങി കിടന്നാല്‍ കഴുത്തിന്‌ നീളം കൂടുന്നതും, പരിചയക്കാര്‍ ഇല്ലാത്ത ഈ നാട്ടില്‍ തന്‍റെ ശരീരം ഈ മുറിയില്‍ കിടന്നു നശിക്കുന്നതും അവള്‍ ഇഷ്ട്ടപെട്ടിരുന്നില്ല. അതുകൊണ്ട് തന്നെ അവളുടെ മരണം നാഷണല്‍ എമര്‍ജന്‍സി സെല്ലില്‍ വിളിച്ചു പറയാന്‍ അവള്‍ തീരുമാനിച്ചു. തന്‍റെ ഫോണില്‍ 911 ഡയല്‍ ചെയുംബോളും പുറത്തെ കോളിംഗ് ബെല്‍ അടിച്ചുകൊണ്ടിരുന്നു. ഫോണ്‍ കട്ട് ചെയ്തു അമര്‍ഷത്തോടെ അവള്‍ വീടിന്‍റെ വാതില്‍ തുറന്നു., “ഹലോ മാഡം ദൈവം നിങ്ങളെ സ്നേഹിക്കുന്നു”, പുഞ്ചിരിയോടെ അവളിലേക്ക്‌ ഒരു ലഖുലേഖ നീട്ടിപിടിച്ചുകൊണ്ട് ഒരു ചെറിയ ചെക്കന്‍. അവന്‍റെ പുഞ്ചിരിയില്‍ ഒരു നിമിഷം അവള്‍ എല്ലാം മറന്നു. മണ്മറഞ്ഞ ഒരു കലയെ നോക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു അത്ഭുതം അവളില്‍ ആ ചെറു പുഞ്ചിരി ഉണ്ടാക്കിയെടുത്തു. അവന്‍റെ കയ്യില്‍നിന്നും ലഖുലേഖ വാങ്ങുമ്പോളും അവള്‍ ആ ചിരിയുടെ ആഴങ്ങളിലായിരുന്നു. ലഖുലേഖയില്‍ ഇങ്ങനെ എഴുതിയിരുന്നു;

“ദൈവം നിന്‍റെ കൂടെയുണ്ട്,
നീ ഒറ്റയ്ക്കല്ല, എന്നിലേക് മടങ്ങുക.”

കണ്ണീര്‍ പൊഴിച്ച് കൊണ്ടവള്‍ അത് വീണ്ടും വീണ്ടും വായിച്ചു. ഇതുവരെ തന്നോട് ഇങ്ങനെ ആരും പറഞ്ഞിട്ടില്ല. എന്നും അവള്‍ ഒറ്റയ്ക്കായിരുന്നു. ഹൃദയം വിങ്ങിപ്പൊട്ടി. ഒരു നിമിഷം താമസിച്ചായിരുന്നെങ്കില്‍ അവള്‍ മരണത്തിനു കീഴടിങ്ങിയേനെ. താന്‍ ഇത്രേം കാലം ഇല്ലെന്നു വാദിച്ച ദൈവത്തെ അവള്‍ തിരിച്ചറിയുകയായിരുന്നു.

*******************************************************************************


“ടൈംസ്‌ അപ്പ്‌”, എന്നലറികൊണ്ട് അയാള്‍ നികോളാസിന്‍റെ അടുത്തേക്ക് നീങ്ങി. അയാളുടെ ശബ്ദത്തില്‍ ആ റൂമിലെ എല്ലാരും ആകാംഷയുടെ നിമിഷങ്ങള്‍ക്കായി ഉണര്‍ന്നു. എല്ലാവരുടെയും കണ്ണില്‍ ആകാംഷ മാത്രം. അവന്‍ എഴുതിയ കഥ അയാള്‍ എടുത്തു വായിച്ചു. കഥയുടെ അന്ത്യത്തില്‍ അയാളുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. വേദിയിലെ എല്ലാരും അത്ഭുതം നിമിഷം കാണുന്ന പോലെ ഒരു അന്താളിപ്പില്‍ നികോളാസിനെ നോക്കി. മറ്റുചിലര്‍ ആദരവോടെ അയാളെ നോക്കുന്നുണ്ടായിരുന്നു. തന്‍റെ സൃഷ്ട്ടിക്ക് സ്വപ്നം കാണാനും സ്വയം ഒരു കഥ എഴുതാനും കഴിയും എന്നതിലുള്ള അഭിമാനം അയാളുടെ മുഖത്ത് പ്രകടമായിരുന്നു.

*****************************************************************************************************
 


“നാഷണല്‍ റോബോട്ടിക്സ് ലാബില്‍ ചരിത്രത്തിന്‍റെ ഏടുകളില്‍ സ്വര്‍ണ്ണലിപികൊണ്ട് രേഖപെടുത്തേണ്ട ഒരു സൃഷ്ട്ടി യാണ് നികോളാസ്. ലോകത്തിലെ തന്നെ ആദ്യത്തെ ചിന്താശേഷിയുള്ള റോബോ. സൃഷ്ട്ടിയില്‍ ദൈവത്തോട് കിടപിടിക്കാന്‍ മനുഷ്യന്‍ തയ്യാറായിരിക്കുന്നു.”, അയാള്‍ പറഞ്ഞു. ഇതുപറയുമ്പോള്‍ അയാളുടെ മുഖത്തെ തിളക്കം ഏതോരച്ചനും തന്‍റെ മകനെ കാണുമ്പോള്‍ ഉള്ളതുപോലെയായിരുന്നു. അതെ, നികോളാസ് ഒരു നല്ല മകനാണ്, കഴിവുള്ള മകന്‍.

No comments:

Post a Comment