ദൈവമേ ഇനിയെന്തൊക്കെ കഴിച്ചാലാണ് ജീവിതം അവസാനിക്കുന്നത്?
മാരകരോഗങ്ങളും പേറി ഇഞ്ചിഞ്ചായി മരിക്കാനാണ് കേരളീയന്റെ വിധി. മീൻ കേടാവാതിരിക്കാൻ ചേർക്കുന്ന ഫോർമാലിൻ,പഴവർഗ്ഗങ്ങളിലെ കാർബൈഡ്, ന്യൂഡിൽസിലെ ലെഡ്, പച്ചക്കറിയിലെ കീടനാശിനികൾ എന്നിങ്ങനെ എന്തെല്ലാം മാരക വിഷങ്ങളാണ് നമ്മൾ കഴിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോൾ മറ്റൊന്നുകൂടി പ്രത്യക്ഷപ്പെട്ടിരിക്കുന്നു. “ലാമിനേറ്റഡ് “ മിക്സ്ചറും ചിപ്സും പക്കാവടയുമൊക്കെയാണ് പുതിയ വില്ലൻ. ലാമിനേഷൻ എന്ന പ്രക്രിയയിലൂടെ നാം വില പിടിപ്പുള്ള രേഖകൾ, ഫോട്ടോകൾ തുടങ്ങിയവയൊക്കെയാണ് കേടുകൂടാതെ സൂക്ഷിക്കുന്നതെങ്കിൽ ഇവിടെ മനുഷ്യത്തം തൊട്ടു തീണ്ടിയിട്ടില്ലാത്ത ചില നരാധമന്മാർ അൽപ്പലാഭത്തിനായി മിക്സ്ചറിലും ചിപ്സിലും പ്ളാസ്റ്റിക് ഉരുക്കി ചേർക്കുകയാണ്.
എണ്ണപ്പലഹാരങ്ങളിൽ ഉരുക്കിച്ചേർക്കുന്നത് പ്ളാസ്റ്റിക് കുപ്പികളാണ് ! പലഹാരങ്ങളിൽ ‘ഫിനിഷിംഗ് ‘കിട്ടാനും, പാമോയിൽ ലാഭിക്കാനുമാണ് ഇങ്ങനെ ചെയ്യുന്നത്. ഇതിന്റെ അനന്തരഫലങ്ങൾ എന്തൊക്കയാണെന്ന് ചിന്തിക്കാതെയാണ് എണ്ണയിൽ പ്ളാസ്റ്റിക് കലർത്തുന്നത്. തിളച്ചുവരുന്ന പാമോയിലിൽ പെപ്സി പോലുള്ള ശീതള പാനിയങ്ങളുടെ കഴുകി വൃത്തിയാക്കിയ രണ്ടു കുപ്പികൾ താഴ്ത്തി വെയ്ക്കും. നിമിഷങ്ങൾക്കകം ഇവ എണ്ണയിൽ ലയിക്കും.പ്ളാസ്റ്റിക് എണ്ണയിൽ കലരുന്നതോടെ എണ്ണയുടെ മുകളിലായി പ്ളാസ്റ്റിക്കിന്റെ ഒരു പാട അടിയുന്നു. .പിന്നെ വറുക്കാനായി എണ്ണയിലിടുന്ന പലഹാരങ്ങളിൽ പറ്റിപ്പിടിക്കുന്നത് ഉരുകി എണ്ണയുടെ രൂപത്തിലായ പ്ളാസ്റ്റിക്കാണ് . പലഹാരം ചെറുതായി നിറം മാറുമ്പോൾത്തന്നെ കോരി മാറ്റുന്നു.അൽപ്പം കഴിയുമ്പോൾ പാകമായ കരിയാത്ത നമുക്കിഷ്ടമുള്ള ഭക്ഷണ സാധനമായി ഇവ മാറുന്നു. ന്യൂഡിൽ സിന്റെ വിൽപ്പന തടഞ്ഞതോടെ മിക്ക രക്ഷാകർത്താക്കളും ‘വിശ്വസിക്കാൻ കൊള്ളാവുന്ന ‘ മിക്സറും,ചിപ്സുമൊക്കെ കുട്ടികൾക്കു നൽകുന്നുണ്ട്.
പ്ളാസ്റ്റിക് എന്ന പി.വി.സി (പോളിവിനൈൽ ക്ളോറൈഡ്) കത്തിക്കുമ്പോൾ ഡയോക്സീൻ അടക്കമുള്ള വിഷവാതകങ്ങൾ പുകയായി പുറത്തുവരും ഇവ കുട്ടികളിൽ വരും കാലങ്ങളിൽ ഹോർമോൺ അസന്തുലിതാവസ്ഥ, കാൻസർ, ലൈഗികശേഷിക്കുറവ്, ആസ്‌തമ, വിവിധ തരം അലർജികൾ ഇവയുണ്ടാക്കുമെന്ന് ശാസ്ത്രീയ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.ഇത്രയും പ്ളാസ്റ്റിക് പുക ശ്വസിച്ചാലുണ്ടാകുന്ന ദോഷങ്ങളാണെങ്കിൽ പ്ളാസ്റ്റിക് ഉള്ളിൽ ച്ചെന്നാലുണ്ടാകാവുന്ന അവസ്ഥ ചിന്തിക്കുവാൻപോലും കഴിയില്ല.
വളരെ വൃത്തിഹീനമായ ചുറ്റുപാടിലാണ് ഈ പലഹാരങ്ങൾ തയ്യാറാക്കുന്നത്. മിക്സ്ചറും മറ്റും വൃത്തിയില്ലാത്ത സിമന്റ് തറയിലിട്ടാണ് കവറുകളിൽ നിറയ് ക്കുന്നത്,
മിക്ക പാക്കിംഗുകളിലും ഉൽപ്പാദകന്റെ വിലാസം ഉണ്ടാകാറില്ല. ഉണ്ടെങ്കിൽത്തന്നെ വിലാസം ശരിക്കുള്ളതായിരിക്കില്ല, പലകവറുകളിലെയും വിലാസത്തിൽ അന്വേഷിച്ചാൽ മുമ്പ് ഇവിടെയുണ്ടായിരുന്നു, ഇപ്പോഴെവിടെയാണെന്ന് അറിയില്ല തുടങ്ങിയ മറുപടികളാണ് കിട്ടുന്നത്. പാക്കിംഗ് ഡേറ്റും , കാലാവധി അവസാനിക്കുന്ന തീയതിയും വേണമെന്നു ഹെൽത്ത് വിഭാഗം നിഷ്കർച്ചിട്ടുണ്ടങ്കിലും ഇവയൊന്നും പാലിക്കപ്പെടാറില്ല.ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ രജിസ്ട്രേഷൻ ഇത്തരം പാക്കു ചെയ്ത ഭക്ഷണ പദാർഥങ്ങളുടെ പാക്കറ്റിൽ നിർബ്ബന്ധമായി രേഖപ്പെടുത്തണമെന്നതും പലരും പാലിക്കാറില്ല.രജിസ്ട്രേഷൻ ഉണ്ടെങ്കിലല്ലേ അവർക്കതു രേഖപ്പെടുത്താനാകൂ.
നഗര സഭകളിലും പഞ്ചായത്തുകളിലും ഹെൽത്ത് വിഭാഗവും ,പ്രധാന നഗരങ്ങളിൽ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥന്റെ ഓഫീസുമുണ്ടങ്കിലും ഇവയെല്ലാം വെറും നോക്കുകുത്തികൾ മാത്രം.ഏതെങ്കിലും ചില ഹോട്ടലുകളിൽ റെയ്ഡ് നടത്തി പഴകിയ ഭക്ഷണ സാധനങ്ങൾ പിടിക്കുന്നതോടെ അവരുടെ ജോലികഴിഞ്ഞു,പിന്നെ മാസാമാസം കിട്ടാനുള്ള’അടുത്തൂൺ’വാങ്ങിയാൽ എല്ലാം ശുഭം. എന്നാൽ അവരുടെ മക്കളും അവരും ഇതൊക്ക കഴിക്കുന്നുണ്ടെന്ന കാര്യം മറക്കുന്നു.
കടപ്പാട് : കേരള കൗമുദി
No comments:
Post a Comment